ഡൽഹി: ഇന്ത്യയിൽ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യാ നിരക്ക് വൻതോതിൽ ഉയരുന്നതായി കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2018- 2022) 122 മെഡിക്കൽ വിദ്യാർത്ഥികളും, 58 പിജി വിദ്യാർത്ഥികളും 64 എംബിബിഎസ് വിദ്യാർഥികളും 1,270 മെഡിക്കൽ പ്രൊഫഷണലുകളുമാണ് ആത്മഹത്യ ചെയ്തത്. ഡോ. വിവേക് പാണ്ഡേ നൽകിയ വിവരാവകാശത്തിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കി മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിലാണ് എംബിബിഎസ് വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതൽ. അഞ്ച് വർഷത്തിനിടയിൽ ഒൻപത് പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഒരു പിജി വിദ്യാർഥിയും ആത്മഹത്യ ചെയ്തിട്ടുണ്ട്. തൊട്ടുപിന്നിൽ എട്ട് കേസുകളുമായി തമിഴ്‌നാടാണ്. ആന്ധ്രാപ്രദേശിലും കർണാടകയിലും അഞ്ച് കേസുകളും തെലങ്കാനയിൽ ഒരു കേസും പുതുച്ചേരിയിൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെയും കർണാടകയിലെയും മെഡിക്കൽ കോളേജുകളിലാണ് ഏറ്റവും കൂടുതൽ പിജി വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്. 11 വീതം വിദ്യാർഥികളാണ് ജീവനൊടുക്കിയത്. മാസ്റ്റർ ഓഫ് സർജറി (എംഎസ്) വിഭാഗത്തിൽ 12 പേരും ഡോക്ടർ ഓഫ് മെഡിസിൻ (എംഡി) വിഭാഗത്തിൽ 36 പേരും ജീവനൊടിക്കിയിട്ടുണ്ട്.
തമിഴ്‌നാടാണ് എംബിബിഎസ് വിദ്യാർഥികളുടെ ആത്മഹത്യ വർധിക്കുന്ന മറ്റൊരു സംസ്ഥാനം. 2018-നും 2022-നും ഇടയിൽ എട്ടുപേരാണ് ജീവിതം അവസാനിപ്പിച്ചത്. ഈ കാലയളവിൽ 1,270 വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കർണാടകയിൽ 17 പേരും, ആന്ധ്രാപ്രദേശിൽ 13 പേരും കേരളത്തിലും തമിഴ്‌നാട്ടിലും എട്ട് പേർ വീതവും തെലങ്കാനയിലും പുതുച്ചേരിയിലും മൂന്ന് പേർ വീതവുമാണ് പഠനം ഉപേക്ഷിച്ചത്. കേരളത്തിൽ 10 പിജി വിദ്യാർഥികളും മെഡിക്കൽ കോഴ്‌സ് പകുതിയിൽ ഉപേക്ഷിച്ചതായാണ് കണക്കുകൾ.
പഠനരംഗത്തെ മാനസിക സമ്മർദം താങ്ങാനാവാതെയാണ് ഇവർ ആത്മഹ്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അക്കാദമിക് രംഗത്തുള്ള സമ്മർദത്തിന് പുറമേ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും വിദ്യാർഥികളെ പ്രതിരോധത്തിലാക്കുന്നു. അതേസമയം താങ്ങാനാകാത്ത ജോലി സമ്മർദമാണ് മെഡിക്കൽ മേഖല ഉപേക്ഷിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്. പരീക്ഷകളിൽ മികവ് പുലർത്താനുള്ള സമ്മർദ്ദം മറ്റൊരു പ്രധാന കാരണമാണ്. മാതാപിതാക്കളുടെ പ്രതീക്ഷകളും മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ മത്സര സ്വഭാവവുമെല്ലാം വിദ്യാർഥികളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒപ്പം വിപുലമായ അക്കാദമിക് പാഠ്യപദ്ധതിയും പരാജയപ്പെടുമെന്ന ഭയവും സമ്മർദ്ദത്തിന്റെ ആഴം കൂട്ടുന്നതായും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
Suicide rate among medical students in India is on the rise