രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? തീരുമാനം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിച്ചേക്കും. രാഹുലിന് മത്സരിച്ച് ജയിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുൽ നേതൃത്വത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല.

അതേസമയം രാഹുലിൻ്റെ രണ്ടാം മണ്ഡലമായി അമേഠിയും പരിഗണനയിലുണ്ട്. ഇപ്പോൾ വിദേശത്തുള്ള രാഹുൽ ഗാന്ധി മടങ്ങിയെത്തിയതിന് ശേഷമായിരിക്കും എവിടെ മത്സരിക്കണമെന്നതിൽ അവസാന തീരുമാനം ഉണ്ടാകുക. കെ സി വേണുഗോപാൽ കേരളത്തിൽ നിന്നും മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. കെ സി വേണുഗോപാൽ മത്സരിക്കുന്നത് രാജ്യസഭയിൽ ഒരു സീറ്റ് നഷ്ടപ്പെടുത്തുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ തെക്കേ ഇന്ത്യയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വയനാട് ഉപേക്ഷിച്ച് രാഹുൽ കർണ്ണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ ജനവിധി തേടിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. അമേഠിയെ കൂടാതെയാണ് രാഹുൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതെങ്കിലും ഒരു സീറ്റിൽ മത്സരിക്കാനാണ് സാധ്യതയെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Will Rahul Gandhi contest from Wayanad?

Exit mobile version