മൂന്നാം സീറ്റ് സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം യുഡിഎഫിനെ അറിയിച്ചെന്ന് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമാണ് ഇക്കാര്യം അറിയിച്ചത്. നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും കോൺഗ്രസുമായി സൗഹാർദമാണുള്ളതും അദ്ദേഹം കൂട്ടിച്ചേർത്തു.
അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്ന പി രാജീവിൻ്റെ പരാമർശത്തിലും പിഎംഎ സലാം മറുപടി പറഞ്ഞു. രാജീവ് യുഡിഎഫിലെ കക്ഷിയാണോയെന്നും അപമാനമുണ്ടെങ്കിൽ അത് തങ്ങളല്ലേ സഹിക്കേണ്ടതെന്നും സലാം ചോദിച്ചു.
20 സീറ്റിൽ ഏത് സീറ്റിലും ലീഗിന് മത്സരിക്കാം. വിഷയം സംബന്ധിച്ച് ഇടത് നേതാക്കൾ നൽകുന്ന പരാമർശങ്ങളിൽ ഇപ്പോൾ മറുപടി പറയുന്നില്ല. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തീരുമാനം ലീഗിന് സഹായകരമാണെന്നും സലാം വ്യക്തമാക്കി.