കെപിഎസി ലളിതയുടെ രണ്ടാം ഓർമ്മദിനം

മലയാളത്തിൻറെ സ്വന്തം കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വർഷം. മലയാള സിനിമയുടെ ചരിത്രമെടുത്താൽ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ സിനിമയുടെ സജീവ സാന്നിധ്യമായിരുന്നു കെപിഎസി ലളിത. അമ്മയായും, കാമുകിയായും, ഏട്ടത്തിയായും, ഭാര്യയായും, അയൽപക്കത്തെ ചേച്ചിയായും ഒക്കെ മലയാളിയുടെ മനസ്സിൽ നിറഞ്ഞ് നിന്ന കലാകാരി. ഹാസ്യവും സങ്കടവും എല്ലാം അനായാസേന തന്റെ മുഖഭാവങ്ങളിലും ശരീര ചേഷ്ടകളിലും പ്രതിഭലിപ്പിച്ച അതുല്യ പ്രതിഭ.

ഒരുപക്ഷേ ശബ്ദം കൊണ്ട് മാത്രം മലയാളിയുടെ മനസ്സിൽ ഒരു നായികാ ഉണ്ടെങ്കിൽ അത് ലളിതയാണ്. വൈക്കും മുഹമ്മദ് ബഷീറിന്റെ മതിലുകൾ ദൃശ്യാവിഷ്കാരമായപ്പോൾ നാരായണിയായി ശബ്ദം കൊണ്ട് കീഴടക്കാൻ കെപിഎസി ലളിതയക്ക് സാധിച്ചു. ബഷീറായി മമ്മൂട്ടി സ്‌ക്രീനിൽ ജീവിക്കുമ്പോൾ ഒരു മതിലിനപ്പുറം നിന്ന് ശരീരമില്ലാതെ സന്തോഷവും സങ്കടവും വിരഹവും പ്രണയവും നാണവുമൊക്കെ മലയാളികളുടെ മനസ്സിലേക്ക് ആ ശബ്ദ സാന്നിധ്യമായി മാത്രം ഇടിച്ചിറങ്ങുകയായിരുന്നു.

‘ആദ്യത്തെ കൺമണി’യിലെ മാളവിക, ‘വിയറ്റ്നാം കോളനി’യിലെ പട്ടാളം മാധവി, ‘കോട്ടയം കുഞ്ഞച്ചനി’ലെ ഏലിയാമ്മ, ‘പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി’ലെ പുരുഷവിരോധിയായ സൂപ്രണ്ട്, ‘ഗോഡ്ഫാദറി’ലെ കൊച്ചമ്മിണി, ‘തേൻമാവിൻ കൊമ്പത്തി’ലെ കാർത്തു, ‘വാൽക്കണ്ണാടി’യിലെ കുട്ടിയമ്മ അങ്ങനെ പ്രേക്ഷക ഹൃദയത്തിൽ ക‍ടന്നു കൂടിയ എത്രയെത്ര ലളിതഭാവങ്ങൾ.

മഹേശ്വരിയമ്മ എനന്നായിരുന്നു കെപിഎസി ലളിതയുടെ ആദ്യ പേര്. പിന്നീട് തോപ്പിൽ ഭാസിയായിരുന്നു കെപിഎസി ലളിത എന്ന പേര് നൽകിയത്. ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരം ഗ്രാമത്തിലായിരുന്നു ജനനം. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ലീഡ് ഗായികയായി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. നാടക വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്നപ്പോൾ ലളിത ഒന്നുകൂടി തിളങ്ങി. 1970-ൽ കെ എസ്‌ സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ കൂട്ടുകുടുംബം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നത്. പിന്നീട് സംവിധായകൻ ഭരതന്റെ ജീവിതസഖി ആയി.

മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളിലാണ് കെപിഎസി ലളിത വേഷമിട്ടത്. നിരവധി പുരസ്കാരങ്ങളും നടിയെ തേടിയെത്തി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടം വാങ്ങിയ ലളിത സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് പ്രാവശ്യവും കരസ്ഥമാക്കി.

ലളിത ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയായിരുന്നു. 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ സ്ഥാനാ‍ർ‌ത്ഥിയാകാൻ സിപിഐഎം നി‍‍ർബന്ധിച്ചുവെങ്കിലും തനിക്ക് അത്തരത്തിലുള്ള സ്ഥാനമാനങ്ങൾ വേണ്ട എന്നറിയിച്ചുകൊണ്ട് മത്സരിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. തുട‍ർന്ന് കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം പാർട്ടി ലളിതയ്ക്ക് നൽകി.

വളരെ അപ്രതീക്ഷിതമായുണ്ടായ കരൾ രോ​ഗവും മരണവുമെല്ലാം അതിജീവിക്കാൻ തന്നെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ലളിത ചെയ്തിരുന്നു. രോ​ഗം പിടിമുറുക്കുമ്പോഴും ലളിത ക്യാമറയ്ക്ക് മുന്നിൽ പെ‍ർഫോം ചെയ്തു. ഒരുപാട് നാഴിക കല്ലുകൾ ബാക്കിയാക്കിയാണ് ലളിത രണ്ട വർഷം മുൻപ് ഈ ദിവസം ഓർമ്മയായത്.

KPAC Lalitha – Second death anniversary

Exit mobile version