രാഹുൽ ഗാന്ധി വയനാട്ടില്‍. ഇന്ന് പുലർച്ചെ റോഡ് മാർഗ്ഗമാണ് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെ അദ്ദേഹം അജീഷിന്റെ വീട്ടിലെത്തി. തുടർന്ന് അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പിന്നീട് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി പോളിന്റെ മകളും പ്രതികരിച്ചു.
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് മൂന്നാമതായി രാഹുൽ പോയത്. ഇത് കഴിഞ്ഞ് രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും.
Rahul Gandhi visits the houses of Ajeesh, Paul and Prajeesh at Wayanad.