വയനാട്ടിലെ വന്യജീവി ആക്രമണം: ജില്ലയിൽ ഹര്‍ത്താൽ ആരംഭിച്ചു

വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇടതു-വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വയനാട്ടിൽ മാത്രം 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹ‍ർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹ‍ർത്താൽ. വാഹനങ്ങൾ അടക്കം തടയുമെന്ന് ഹ‍ർത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. അതിനിടെ മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞയാഴ്ച ഇതേ ദിവസമാണ് ബേലൂർ മഖ്ന അജീഷിന്റെ ജീവനെടുത്തത്. കാടിളക്കി തെരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലന്നാണ് ദൗത്യസംഘം പറയുന്നത്. ആനയെ മയക്കുവെടി വെക്കാൻ കഴിയാത്തതിൽ നാട്ടുകാർ അതൃപ്തിയിലാണ്.

Hartal started in Wayanad.

Exit mobile version