ലോക്സഭാ തിരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക 27ന്

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും. ഇതിനായി ജില്ലാ കമ്മിറ്റികള്‍ ചേരാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം വന്നിട്ടുണ്ട്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും അടിയന്തരമായി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്നു.

പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ കാര്യത്തില്‍ വേണ്ട ധാരണയുണ്ടാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പേരാണ് യോഗത്തില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കെ രാധാകൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. ഇവിടെ പി കെ ജമീലയുടെ പേരും പരിഗണനയിലുണ്ട്. എ വിജയരാഘവന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായേക്കും. സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പുനരാലോചനയുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നേക്കും. ജില്ലാ കമ്മിറ്റികളും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന് അതിൽ നിന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചും മറ്റ് നിര്‍ദേശങ്ങളും അനസരിച്ച് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാകും അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുക.

Lok Sabha Elections: CPIM candidate list on 27.

Exit mobile version