ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ഇനി മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും കൂടി ലഭ്യമാകും. ശ്രീലങ്കയിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി യുപിഐയെ ലങ്ക പേയുമായി (Lanka Pay) ബന്ധിപ്പിക്കും. അതേസമയം മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെർച്വൽ ചടങ്ങിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മോദിക്കൊപ്പം മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നൗത്തും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും പങ്കെടുത്തു.
ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങൾ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഈ സൗകര്യം പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയും. ശ്രീലങ്കയുമായും മൗറീഷ്യസുമായും ഇന്ത്യയുടെ ഉഭയകക്ഷി, സാമ്പത്തിക ബന്ധങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
UPI services now available in Sri Lanka and Mauritius.