കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി സമരം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റിപ്പബ്ലക്കിലെ ചരിത്ര നിമിഷമാണിത്. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അധികാരം കവരാൻ കേന്ദ്രം ശ്രമിക്കുന്നു. ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവകാശ ലംഘനത്തിന് എതിരാണ് ഈ സമരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ ധനക്കമ്മീഷൻ കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുറയുകയാണ്. വിവിധയിനങ്ങളിൽ കേരളത്തിന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ലൈഫ് മിഷന് വേണ്ടി 17,104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നൽകിയത്. 2081 കോടിയാണ് കേന്ദ്രം നൽകിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. വീട് ആരുടേയും ഔദാര്യമല്ലെന്ന സമീപനമാണ് സർക്കാരിന്റേത്. ബോർഡ് വെച്ചില്ലെങ്കിൽ ഗ്രാന്റ് അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി സംസാരിച്ചു. ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യ മന്ത്രി ആരോപിച്ചു.
The Chief Minister said that the historic struggle of the state government is to protect the federal system of the country.