ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽകോഡ് നിയമമാകുമ്പോൾ ലിവ്-ഇൻ ബന്ധങ്ങളുമായി കര്ശനന നിയന്ത്രണം ആണ് വരൻ പോകുന്നത്. ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന 21വയസ്സിന് താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്തുള്ള ആളുമായി ലിവ്-ഇൻ റിലേഷനിൽ ഏർപ്പെടുന്ന\ ഉത്തരാഖണ്ഡ് നിവാസികൾക്കും നിർബന്ധിത രജിസ്‌ട്രേഷൻ ആവശ്യമാണ്.
പൊതു നയത്തിനും ധാർമ്മികതയ്ക്കും എതിരാണെങ്കിൽ ലിവ്-ഇൻ റിലേഷനുകൾ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല. ഒരു പങ്കാളി വിവാഹിതനാണെങ്കിൽ അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലാണെങ്കിൽ, ഒരു പങ്കാളി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ, നിർബന്ധം, വഞ്ചന എന്നിവയിലൂടെയാണ് പങ്കാളിയുടെ സമ്മതം നേടിയതെങ്കിൽ അത്തരം ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യില്ല.
ലിവ്-ഇൻ ബന്ധത്തിന്റെ വിശദാംശങ്ങൾ സ്വീകരിക്കുന്നതിന് ഒരു വെബ്സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബന്ധത്തിന്റെ സാധുത പരിശോധിക്കുന്നതിന് അത് ജില്ലാ രജിസ്ട്രാറുമായി ബന്ധിപ്പിക്കും. ജില്ലാ രജിസ്ട്രാറാണ് ബന്ധത്തിന്റെ സാധുതയെ സംബന്ധിച്ച് അന്വേഷണം നടത്തുക. അന്വേഷണത്തിനായി അയാൾക്ക് പങ്കാളികളിൽ ആരെയെങ്കിലുമോ രണ്ടുപേരെയുമോ വിളിക്കാം. രജിസ്‌ട്രേഷൻ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങൾ രജിസ്ട്രാർ അപേക്ഷകരെ രേഖാമൂലം അറിയിക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്ത ലിവ്-ഇൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിനും രേഖാമൂലമുള്ള പ്രസ്താവന ആവശ്യമാണ്. നിർദിഷ്ട മതൃകയിൽ സമർപ്പിക്കപ്പെടുന്ന ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങൾ തെറ്റാണെന്നോ സംശയാസ്പദമാണെന്നോ രജിസ്ട്രാർക്ക് തോന്നിയാൽ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്യാം. 21 വയസ്സിന് താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളെ വിവരം അറിയിക്കും.
ലിവ്-ഇൻ റിലേഷൻഷിപ്പിനായുള്ള അപേക്ഷകൾ സമർപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് മാസം തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടി വരും. ലിവ്-ഇൻ റിലേഷൻ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. രജിസ്‌ട്രേഷനിൽ ഒരു മാസത്തെ കാലതാമസമുണ്ടായാലും ശിക്ഷയുണ്ട്. മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ.
ചൊവ്വാഴ്ച രാവിലെയാണ് ലിവ്-ഇൻ ബന്ധങ്ങൾക്ക് അടക്കം നിയമപരമായ ചട്ടക്കൂട് നിഷ്‌കർഷിക്കുന്ന ഏകീകൃത സിവിൽകോഡ് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചത്. ലിവ്-ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് ദമ്പതികളുടെ നിയമാനുസൃത കുട്ടി എന്ന അവകാശവും നിയമം വിഭാവനം ചെയ്യുന്നു.
ഇതിന് പുറമെ ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ്ണമായ നിരോധനവും നിയമത്തിന്റെ ഭാഗമാണ്. എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികളുടെയും വിവാഹപ്രായം ഏകീകരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമത്തിനുള്ള നിർദ്ദേശങ്ങളും നിയമത്തിലുണ്ട്.
വിവാഹമോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷം ഒരു സ്ത്രീ കടന്നുപോകേണ്ട ഇസ്ലാമിക ആചാരങ്ങളായ ‘ഹലാല’, ‘ഇദ്ദത്ത്’ തുടങ്ങിയ ആചാരങ്ങൾ നിരോധിക്കാനുള്ള നടപടി ക്രമങ്ങളും ഉത്തരാഖണ്ഡിലെ ഏകീകൃത നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.