സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ മൗനം അവസാനിപ്പിച്ച് രാഹുൽ ഗാന്ധി. സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.

ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തെ വിമർശിച്ചിരുന്നു. പോയവർ പോകട്ടെയെന്നും ഇൻഡ്യാ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നുമാണ് ഖാർഗെ പ്രതികരിച്ചത്. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇൻഡ്യാ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖാർഗെ പറഞ്ഞു.

Exit mobile version