എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ് സന്ദേശം. കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ”ഹാ! വരും വരും നൂനമാദ്ദിനമെൻ നാടിന്റെ നാവനങ്ങിയാൽ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന വരി അദ്ദേഹം വായിച്ചു. മഹാകവി സ്വപ്നം കണ്ട ആ സുവർണകാലം ആണ് ഇന്നത്തെ അമൃത് കാലം, എന്ന വാചകം അടക്കം സൂചിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. എല്ലാവർക്കും ഗവർണർ റിപ്പബ്ലിക് ദിന ആശംസ നേർന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിലെത്തി. എന്നാൽ ഇരുവരും മുഖത്ത് നോക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ല.
Discussion about this post