ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബേയും പാർട്ടി നേതൃത്വത്തെ കാണാനായി ഡൽഹിയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ബിഹാറിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ജെ.ഡി.യു. നേതാക്കളായ ലാലൻ സിങ്, വിജയ് കുമാർ ചൗധരി തുടങ്ങിയവരും എത്തി.
ജനുവരി 30-ന് ബിഹാറിൽ പ്രവേശിക്കുന്ന ‘ഭാരത് ജോഡോ ന്യായ്’ യാത്രയിൽ നിതീഷ് കുമാർ പങ്കെടുക്കില്ലെന്നാണ് വിവരം. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ വൈകുന്നതിൽ നിതീഷ് അസ്വസ്ഥനാണെന്നും ഇതാണ് യാത്രയിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.