യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ന്യൂഹാംഷെയർ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപ് തന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. അതേസമയം സ്ഥാനാർത്ഥിത്വ പ്രതീക്ഷകൾ സജീവമായി നിലനിർത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകൾ നേടി. നിക്കി ഹേലിയുടെ സ്ഥാനാർത്ഥിത്വം കാര്യമാക്കുന്നില്ല എന്നും നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും ആയിരുന്നു വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്രംപിന്റെ പ്രതികരണം.

എഡിസൺ റിസർച്ച് അനുസരിച്ച് ട്രംപിന് 52.3 ശതമാനം വോട്ട് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി, ഫ്‌ളോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവർ പ്രസിഡന്റ് സ്ഥാനാർത്ഥി പോരാട്ടത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യമായ മാനസിക നില ട്രംപിനില്ലെന്ന് നിക്കി ഹേലി ന്യൂഹാംഷെയറിലെ പ്രചരണത്തിനിടെ വിമർശിച്ചിരുന്നു. എന്നാൽ നിക്കി ഹേലിക്ക് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകാനുളള യോ​ഗ്യത പോരെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ വിമർശനം. ഇന്ത്യൻ വംശജയാണ് നിക്കി ഹേലി.

Summary: US presidential election: Trump secures candidacy.

Exit mobile version