മോഡൽ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെയുണ്ട്. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വന്തം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇപ്പോൾ വിവാദത്തിൽ അബ്ദുറബ്ബ് സർക്കാരിനെ കളിയാക്കുകയാണ്. മറവി രോഗം ബാധിച്ചോ എന്ന് സംശയമുണ്ട്. അതുകൊണ്ട് തന്നെ കെഎസ്‌യു പ്രവർത്തകർ സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ്. കുട്ടികൾ പരീക്ഷ എഴുതട്ടെ, അവരെ ശല്യം ചെയ്യരുതെന്നും മന്ത്രി വപറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ അവധി നൽകിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അതെന്നും അവധി കൊടുക്കാനുള്ള തീരുമാനം സർക്കാരിന് മാത്രമാണെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും വിഷയം സർക്കാർ ഗൗരവമായി കാണുന്നു എന്നും മന്ത്രി വ്യക്തമാക്കി.
Summary: Fee collection for question paper was during Abdur Rab’s time: V Sivankutty.