ബിൽകിസ് ബാനു കേസ്: കീഴടങ്ങാൻ ഇളവ് തേടിയുള്ള കുറ്റവാളികളുടെ ഹർജി സുപ്രീം കോടതി തള്ളി

ബിൽകിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക് കീഴടങ്ങാൻ സമയപരിധിയിൽ ഇളവ് നൽകാതെ സുപ്രീം കോടതി. സമയപരിധിയിൽ ഇളവ് തേടി ഒമ്പത് കുറ്റവാളികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. ജയിലിലെത്തി കീഴടങ്ങാൻ ഒരുമാസം സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യമാണ് തള്ളിയത്. 11 കുറ്റവാളികളും ഈ മാസം 22നകം ജയിലിലെത്തി കീഴടങ്ങണമെന്നാണ് സുപ്രിംകോടതി വിധി പറഞ്ഞിരുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ, മക്കളുടെ വിവാഹം, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇളവ് തേടി ഹർജി നൽകിയത്. കുറ്റവാളികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതിയുടെ ഇപ്പോഴത്തെ നടപടി. ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ല. വിചാരണ നടത്തിയ മഹാരാഷ്ട്ര സർക്കാരിനാണ് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമെനന്നായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയത്.

11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ബിൽകിസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകൾ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് കോടതിയുടെ ഈ നിർണായക വിധി വന്നത്.

Summary: Bilkis Bano case – Supreme Court rejects plea of ​​convicts seeking leniency to surrender.

Exit mobile version