എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമുണ്ടായത്.
വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി ഇന്നു പുലർച്ചെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനു കുത്തേട്ടിരുന്നു. നാസർ ഇപ്പോൾ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് 15 കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിന് കാരണമെന്നാണ് എഫ്ഐആറിലെ വിശദീകരണം. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Summary: Ernakulam Maharaja’s College closed indefinitely.