രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങി. ഇവിടെ നിന്ന് റോഡ് ഷോ ആയി പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിലെത്തും. നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും 7.30 ഓടെ മാത്രമേ ആരംഭിക്കൂ എന്നാണ് വിവരം.
കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post