മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന നടത്താനുള്ള ഹൈകോടതി വിധി തടഞ്ഞ് സുപ്രീംകോടതി

മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന സുപ്രിംകോടതി തടഞ്ഞു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.

മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം. ഹൈകോടതി ഇത് അംഗീകരിച്ചുകൊണ്ട് മസ്ജിദിൽ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഏത് തരത്തിലുള്ള കമ്മിഷനാണ് വേണ്ടതെന്ന് ഹർജിക്കാർ വ്യക്തത വരുത്തിയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ആരാധനാലയ നിയമം അനുസരിച്ച് ഹൈക്കോടതിക്ക് ഉത്തരവ് നൽകാൻ അധികാരമില്ലെന്നായിരുന്നു മസ്ജിദ് ഭരണസമിതിയുടെ പ്രധാന വാദം. അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി തേടിയ ഹർജി നിലനിൽക്കുന്നതല്ലെന്നും മസ്ജിദ് ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്‌നീം അഹ്‌മദി കോടതിയെ അറിയിച്ചു.

Summary: The Supreme Court stayed the High Court verdict to conduct inspection at Mathura Shahi Eidgah.

Exit mobile version