വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സഹായം ആറായിരം രൂപയിൽനിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താനാണ് ആലോചന. എന്നാൽ നീക്കം തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ളതാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
2019ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നിലവിൽ മാസം 500 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. വനിതാ കർഷകർക്കുള്ള ഈ സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താനാണ് ആലോചന. വനിതകളെയും കർഷകരെയും ഒപ്പം നിർത്താൻ തന്നെയാണ് കേന്ദ്രസർക്കാറിന്റെ നിർണായക നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വനിതകൾ ബിജെപിക്ക് ഒപ്പം നിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കിയത്. ഈ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സർക്കാരിൻറെ ശ്രമം.
ഫെബ്രുവരി 1ലെ പൊതുബജറ്റിൽ വനിത കർഷകർക്കുള്ള ഈ സഹായം പ്രഖ്യാപിക്കാനാണ് ആലോചന. 18000 കോടി രൂപയുടെ അധിക ചെലവാണ് ഇതുവഴി സർക്കാറിനുണ്ടാവുക. തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യ ഗഡുമായ 4000 രൂപ നല്കും. 112971186 കുടുംബങ്ങളാണ് നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ദതിയുടെ ഗുണഭോക്താക്കൾ ആയിട്ടുള്ളത്. ഇതിൽ 3 കോടി 56 ലക്ഷം പേർ വനിതാ കർഷകരാണ്.
Summary: Central government to double financial assistance to women farmers.