സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ നീളും

സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഈ മാസം 25-ന് ആരംഭിക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊച്ചിൻ യൂനിവേഴ്സിറ്റി ക്യാംപസിൽ കഴിഞ്ഞ വർഷം നവംബർ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 മുതൽ 14 വരെ ബജറ്റിന് മേലുള്ള ചർച്ചകൾ നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

കൊല്ലം -കെ. ബി. ഗണേഷ്‌ കുമാർ, പത്തനംതിട്ട -വീണ ജോർജ്, ആലപ്പുഴ- പി. പ്രസാദ്, കോട്ടയം -വി.എൻ. വാസവൻ, ഇടുക്കി – റോഷി അഗസ്റ്റിൻ, എറണാകുളം -കെ. രാജൻ, തൃശ്ശൂർ -കെ. രാധാകൃഷ്‌ണൻ, പാലക്കാട് -കെ. കൃഷ്‌ണൻകുട്ടി, മലപ്പുറം -ജി. ആർ. അനിൽ, കോഴിക്കോട് -പി. എ. മുഹമ്മദ് റിയാസ്, വയനാട് -എ. കെ. ശശീന്ദ്രൻ, കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് – വി. അബ്‌ദുറഹ്മാൻ എന്നിവർ അഭിവാദ്യം സ്വീകരിക്കും.

 

Exit mobile version