യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തള്ളി കോടതി. ഈ മാസം 22 വരെ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടേതാണ് വിധി. സെക്രട്ടറിയേറ്റ് അക്രമക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പൂജപ്പുര ജയിലേക്ക് മാറ്റും.
പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പോലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പോലീസിന്റെ നടപടികൾ. പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്.
ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെതിരായ പോലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.