പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ അന്തർദേശീയ ചർച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. മോദിയുടെ സന്ദർശനത്തെ മാലദ്വീപിലെ മന്ത്രിമാർ പരിഹസിച്ചതാണ് വിവാദത്തിന് തുടക്കം. അതേസമയം, വിവാദം ചൂടുപിടിച്ചതോടെ ലക്ഷദ്വീപ് കൂടുതൽ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇവിടെയുള്ള വിനോദ സഞ്ചാര മേഖല സജീവമാകുമെന്നാണ് കരുതുന്നത്. സൈനിക-വാണിജ്യ വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും മിനിക്കോയിൽ നിർമിക്കുന്നതെന്ന് റിപ്പോർട്ട്.
മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ കേന്ദ്രസർക്കാരിന് മുന്നിലുണ്ടെങ്കിലും സൈനിക ആവശ്യങ്ങൾക്കുകൂടി ഉപയോഗപ്പെടുന്ന വിധത്തിൽ വ്യോമത്താവളം നിർമിക്കാനുള്ള തീരുമാനം സർക്കാർ അടുത്തിടെയാണ് കൈക്കൊണ്ടത്. പദ്ധതി സർക്കാരിന്റെ പ്രാഥമിക പരിഗണനകളിൾ ഉൾപ്പെട്ടിട്ടുണ്ടെന്നും നിർമാണം സംബന്ധിച്ചുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നുമാണ് ഒദ്യോഗിക വിവരം.
ലക്ഷദ്വീപിൽ വ്യോമത്താവളം വരുന്നതിലൂടെ അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രതിരോധ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നാണ് മിനിക്കോയിൽ വ്യോമത്താവളം നിർമിക്കാനുള്ള നിർദേശം ആദ്യമുയർന്നത്. മിനിക്കോയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ ഇന്ത്യൻ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു.നിലവിൽ അഗത്തിയിലാണ് ദ്വീപിൽ വിമാനത്താവളമുള്ളത്. എന്നാൽ സൗകര്യങ്ങൾ പരിമിതമായതിനാൽ എല്ലാതരത്തിലുള്ള വിമാനങ്ങൾക്കും അഗത്തിയിൽ ഇറങ്ങാനാകില്ല.
പുതിയ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനോടൊപ്പം നിലവിലുള്ള വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങളും നടത്തും. ഇതിലൂടെ ദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനവും സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനുശേഷമാണ് മിനിക്കോയ് ദ്വീപ് കൂടുതലായി ശ്രദ്ധ നേടിയത്. അതിനിടെ, മാലദ്വീപിലെ മന്ത്രിമാരടക്കം സന്ദർശനത്തെ വിമർശിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Discussion about this post