സെക്രട്ടറിയേറ്റ് മാർച്ച് അതിക്രമകേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. അടൂരിലെ വീട്ടിൽ നിന്നും കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതുവരെയും 31 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി.
പൊതുമുതൽ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വി ഡി സതീശന് പുറമേ ഷാഫി പറമ്പിൽ എംഎൽഎ, എം വിൻസന്റ് എംഎൽഎ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
സംസ്ഥാനത്ത് തുടർച്ചയായി തങ്ങളുടെ പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തി ചാർജിലുമായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ പരിക്കേറ്റിരുന്നു. ഒരു വനിതാ ഇൻസ്പെക്ടർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.
Summary: Youth Congress president Rahul Mamkoottathil arrested.