പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കി ഇന്ത്യൻ ട്രാവൽ ഏജൻസി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് എന്ന ട്രാവൽ കമ്പനിയാണ് മാലദ്വീപ് പാക്കേജുകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഓഹരി വിപണിയിൽ ഈ കമ്പനിയുടെ മൂല്യം ആറ് ശതമാനം വരെ ഉയർന്നു.
ഈസി ട്രിപ്പ് പ്ലാനേഴ്‌സ് സി.ഇ.ഒ. നിശാന്ത് പിറ്റിയാണ് കമ്പനിയുടെ നിലപാട് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. വൈകാതെ തന്നെ ഇത് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികൾ 5.96 ശതമാനം ഉയർന്ന് സെൻസെക്‌സിൽ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ജനുവരി 5-ന് ‘ഈസി ട്രിപ്പ് ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ഒരു ഉപകമ്പനി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കമ്പനി ഓഹരി വിപണിയിൽ പ്രതിസന്ധികൾ നേരിടുകയായിരുന്നു. കമ്പനിയുടെ ഓഹരികൾ 18 ശതമാനത്തോളം ഇടിയുകയും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയുമായിരുന്നു. മാലദ്വീപ് വിവാദം കമ്പനിയെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറ്റുകയും ചെയ്തു.
ലക്ഷദ്വീപ് യാത്രയ്ക്ക് കമ്പനി വൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് മൂന്ന് മന്ത്രിമാരെ മാലദ്വീപ് സസ്‌പെൻഡ് ചെയ്തിരുന്നു. മാലദ്വീപിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തി. നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, വരുൺ ധവാൻ, ശ്രദ്ധ കപൂർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനു പകരം ഇന്ത്യൻ ദ്വീപുകൾ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവർ ആഹ്വാനം ചെയ്തത്.
ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വൻതോതിലുള്ള തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രിയുടെ പ്രതികരണവും പുറത്തുവന്നത്. മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു
Discussion about this post