തൃശൂരിൽ ബിജെപി വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നു; അത് വിലപോവില്ലെന്നും എംപി ടി എൻ പ്രതാപൻ

തൃശൂരിൽ ബിജെപി ബോധപൂർവം വർ​ഗീയ സംഘർഷത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് എംപി ടി എൻ പ്രതാപൻ. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നും എംപി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അത് തൃശ്ശൂരിൽ വിലപ്പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

ആർഎസ്എസ് ഉൾപ്പടെയുള്ള ഭൂരിപക്ഷ വർഗീയതയ്ക്കും പിഎഫ്ഐ ഉൾപ്പടെയുള്ള ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരാണ് കോൺ​ഗ്രസ് ഇപ്പോഴും ഉള്ളത്. പണ്ട് കാലത്തെ തേജസ് പത്രത്തിന്റെ എഡിഷൻ എല്ലാ ജനപ്രതിനിധികൾക്കും സൗജന്യമായി നൽകുന്ന ഒരു ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വർ​ഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണ്. തൃശൂരിൽ വർ​ഗീയ സംഘർഷമുണ്ടാക്കാൻ നോക്കിയാൽ അത് നടക്കില്ലെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ തൃശൂർ സന്ദര്ശനത്തിനെയും ടി എൻ പ്രതാപൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് നടന്നില്ല. നാല്പതിനായിരം കസേരയാണ് ആകെയിട്ടത്. പരിപാടി വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയാണ് ബിജെപിക്കെന്നും എംപി പരിഹസിച്ചു.

Summary: BJP tries to foment communal tension in Thrissur: TN Prathapan

Exit mobile version