തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ചു; റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്ന് സ്റ്റാലിൻ

തമിഴർക്ക് ഇത്തവണ പൊങ്കലിനു മധുരം കൂടും. പൊങ്കൽ സമ്മാനമായി തമിഴ്‌നാട്ടിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ അരിക്കും പഞ്ചസാരയ്ക്കുമൊപ്പം ആയിരം രൂപയും നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

പൊങ്കൽ കിറ്റായി ഒരു കിലോഗ്രാം വീതം അരിയും പഞ്ചസാരയും ഒരു കരിമ്പും നൽകുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീട്ടമ്മമാർക്കുള്ള വേതനവും പൊങ്കലിന് മുൻപ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും. സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകുന്നത്.

ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് പൊങ്കൽ കിറ്റിലുള്ളത്. റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കുക. പുനരധിവാസ ക്യാമ്പുകളിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴർക്കും പൊങ്കൽ സമ്മാനം നൽകും. സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഏകദേശം 2.19 കോടി റേഷൻ കാർഡ് ഉടമകളുണ്ടെന്നാണ് സഹകരണ ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ കണക്ക്.

 

Exit mobile version