ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. ഓൺലൈൻ പോർട്ടൽ വഴി 2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിന് മുൻപോ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസത്യൻ സിഖ്, പാഴ്സി, ജയിൻ, ബുദ്ധിസ്റ്റ് വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം.
രേഖകൾ കേന്ദ്രം നിയോഗിക്കുന്ന സമിതി പരിശോധിച്ച് പൗരത്വം നൽകുന്നതിൽ തീരുമാനമെടുക്കും. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.
കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഘട്ട് , ബിഹാർ എന്നീ സംസ്ഥാനങ്ങൾ പൗരത്വ നിയമഭേദഗതിയിൽ നേരത്തെ തന്നെ എതിർപ്പറിയിച്ചിരുന്നു. മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതിലെ പ്രക്ഷോഭം രാജ്യവ്യാപകമായി കടുത്തതോടെ നടപടികളിൽ നിന്ന് തൽക്കാലത്തേക്ക് കേന്ദ്രസർക്കാർ പിന്മാറിയിരുന്നു. അന്ന് ബിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്ന നടപടികൾ പൂർത്തിയായിരുന്നില്ല.
Summary: The Central Govt will implement the Citizenship Amendment Act before the Lok Sabha elections.