പിണക്കം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും ഗവർണറും; മഞ്ഞുരുകാതെ സത്യപ്രതിജ്ഞാ ചടങ്ങ്‌

രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കടന്നപ്പളളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും സത്യാ പ്രതിജ്ഞ ചെയ്തു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുഖ്യമന്ത്രിയും ഗവർണറും വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ മുഖാമുഖമെത്തിയിട്ടും പരസ്പരം അഭിവാദ്യം ചെയ്യാതെ, മുഖത്തുപോലും നോക്കാതെ സ​ഗൗരവം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ രാജ്ഭവനിലായിരുന്നു ഇരുവരും നേർക്കുനേർ എത്തിയത്.

ഏഴുമിനിറ്റോളം നീണ്ട ചടങ്ങിനിടെ പരസ്പരം നോക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല ഇരുവരേയും ശരീരഭാഷയിൽ തന്നെ അകൽച്ച വ്യക്തവുമായിരുന്നു. മഞ്ഞുരുകാത്ത ഗവർണർ- സർക്കാർ പോരിൻറെ പ്രത്യക്ഷ സൂചകമായി ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.

മുഖ്യമന്ത്രിയും ഗവർണറും സൗഹാർദം പ്രകടിപ്പിക്കാതെ വേദി വിട്ടെന്നു മാത്രമല്ല, ചടങ്ങിൻറെ ഭാഗമായ ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. പുതിയമന്ത്രിമാർക്ക് ഗവർണറായിരുന്നു രാജ്ഭവനിൽ ചായ സത്കാരം ഒരുക്കിയത്. എന്നാൽ, മുഖ്യമന്ത്രി ഇതിൽ പങ്കെടുക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പതിവ് തെറ്റി.

 

Exit mobile version