നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. അനധികൃതമായാണ് നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പൂവാർ പൊലീസ് കേസെടുത്തത്. നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു അപകടത്തിലായ നടപ്പാലം.
സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തടി കൊണ്ടാണ് പാലം നിർമിച്ചത്. വാട്ടർഷോ കാണാൻ ആളുകൾ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി ലൈലയെ തിരുവനന്തപുരം കിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ അഞ്ച് പേരെ നെയ്യാറ്റിൻകരയിലെ നിംസിലും ചികിത്സയിലാണ്.
Summary: Footbridge collapse accident; A case was filed against the organizers.