രാജ്യത്തിൻറെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ (Aditya-L1) ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാൻജിയൻ പോയിന്റിലെത്തും. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് സെപ്റ്റംബർ 2 നാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്.
ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ എത്തുന്നതോടെ പദ്ധതിയുടെ നിർണായക ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകർഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രൻജിയൻ 1 പോയിന്റ് (L-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാൻ സഹായിക്കും എന്നതാണ് പ്രത്യേകത.
ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ സംസാരിച്ചു. ഇന്ത്യയുടെ ഈ ദൗത്യം വിജയം കാണുന്നതോടെ അടുത്ത അഞ്ചു വർഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് പഠിക്കാനാകും. ഈ പഠനങ്ങൾ ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനു മുഴുവൻ സഹായകരമാകുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.
ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം വിജയകരമായതോടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESI) ഐഎസ്ആർഒയുമായി കൈകോർക്കുമെന്നും അറിയിച്ചിരുന്നു. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ സേവനങ്ങളും നിർണായകമായ ഫ്ലൈറ്റ് ഡൈനാമിക്സ് സോഫ്റ്റ് വെയറും നൽകുന്നതിന് ഐഎസ്ആർഒയുമായി സഹകരിക്കുമെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.
Summary: The country’s first solar mission, Aditya L One, will reach its destination on January 6.
Discussion about this post