ദക്ഷിണാഫ്രിക്കക്കെതിരായ നിർണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സഞ്ജു സാംസണിന്റെ കന്നി സെഞ്ചുറി. ഇതിനു മുമ്പുള്ള 15 ഏകദിനങ്ങളിൽ സഞ്ജുവിന്റെ ഉയർന്ന സ്‌കോർ 86 നോട്ടൗട്ടായിരുന്നു. ഇന്ത്യ 44 ഓവറിൽ 225 റൺസെടുത്തു. സഞ്ജു 110 പന്തിൽ രണ്ട് സിക്‌സറും ആറ് ബൗണ്ടറിയും സഹിതമാണ് സെഞ്ചുറിയിലെത്തിയത്.
113 പന്തിൽനിന്ന് 108 റൺസെടുത്ത് പുറത്തായി. വില്യംസിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു, ഹെൻട്രിക്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു. നാലാം വിക്കറ്റിൽ സഞ്ജുവിനൊപ്പം 116 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ തിലക് വർമ അർധ സെഞ്ചുറി നേടി പുറത്തായി. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 246.
പാളിലെ ബോളണ്ട് പാർക്കിൽ മൂന്നാമതും ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദർശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. അരങ്ങേറ്റത്തിൽ രജത് പട്ടിധാർ മൂന്നാം മത്സരം കളിക്കുന്ന സായ് സുദർശനൊപ്പം ഓപൺ ചെയ്തു. ഇരുവരും ഏഴാം ഓവർ പിന്നിടും മുമ്പെ പുറത്തായി. ക്യാപ്റ്റൻ കെ.എൽ രാഹുലിനും അധികം വാഴാനിയില്ല. എന്നാൽ ഒരറ്റം ഭദ്രമാക്കിയ സഞ്ജു 66 പന്തിൽ അർധ ശതകം പിന്നിട്ടു.
മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി കുതിച്ച പട്ടിധാറെ (16 പന്തിൽ 22) നാന്ദ്രെ ബർഗർ ബൗൾഡാക്കി. ആദ്യ രണ്ട് മത്സരത്തിലും അർധ ശതകം പിന്നിട്ട സായ് സുദർശനെ (16 പന്തിൽ10) ബ്യൂറൻ ഹെൻഡ്രിക്‌സ് വിക്കറ്റിന് മുന്നിൽ കുടുക്കി.
സഞ്ജുവും രാഹുലും (35 പന്തിൽ 21) മൂന്നാം വിക്കറ്റിലെ 52 റൺസ് കൂട്ടുകെട്ടോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. നിർഭാഗ്യകരമായ രീതിയിലാണ് രാഹുൽ പുറത്തായത്. പാഡിൽ തട്ടി ബാറ്റിലേക്ക് തെറിച്ച പന്ത് വിക്കറ്റ്കീപ്പർ പിടിക്കുകയായിരുന്നു.
ഇന്ത്യ രണ്ട് മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ ഋതുരാജ് ഗെയ്കവാദിനു പകരമാണ് പട്ടിധാർ കളിച്ചത്. കുൽദീപ് യാദവിന് വിശ്രമം നൽകി വാഷിംഗ്ടൺ സുന്ദറിന് അവസരം നൽകി.
ആദ്യ മത്സരം 200 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ആദ്യ കളിയിൽ ഇന്ത്യയുടെ അർഷദീപ് സിംഗും അവേഷ് ഖാനും അരങ്ങുവാണപ്പോൾ നാന്ദ്രെ ബർഗറും ബ്യൂറൻ ഹെൻഡ്രിക്‌സും രണ്ടാമത്തെ കളിയിൽ ഇന്ത്യൻ ബാറ്റിംഗിന്റെ നടുവൊടിച്ചു.