സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചത്. ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.
’40 ദിവസം ഞങ്ങൾ റോഡിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലുള്ള ആളുകൾ തങ്ങളെ പിന്തുണച്ചു. ബ്രിജ്ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്’, സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങൾക്ക് നൽകിയ ഉറപ്പ് നിറവേറ്റിയില്ല. സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു, ഗുസ്തി അവസാനിക്കുന്നതായി സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വ്യക്തമാക്കിയത്. ബജ്‌റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്.