കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജ്ജും നടത്തി. അതേസമയം പൊലീസിന് നേരെ പ്രവർത്തകർ കല്ലേറും ചെരുപ്പേറും നടത്തി. രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സംഭവത്തിൽ പരിക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, എം.എൽഎമാരായ ഷാഫി പറമ്പിൽ, എം.വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. ”വിജയൻ മുഖ്യഗുണ്ടയോ മുഖ്യമന്ത്രിയോ” എന്നെഴുതിയ ബാനറുമായി പ്രസ് ക്ലബ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിൽ നൂറുകണക്കിനുപേരാണ് അണിനിരന്നത്. സെക്രട്ടേറിയേറ്റ് പരിസരത്തുള്ള നവകേരളസദസ്സുമായി ബന്ധപ്പെട്ട ഫ്ലെക്സുകൾ പ്രതിഷേധക്കാർ ഇതിനിടെ തകർത്തു.
ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡി.വൈ.എഫ്.ഐക്കാർ മർദനത്തിരയാക്കിയ ഭിന്നശേഷിക്കാരനായ അജിമോനും പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇപ്പോഴും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ നിൽക്കുകയാണ്.
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസും സിപിഎമ്മും നടത്തിയ ആക്രമണങ്ങൾക്കെതിരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും പരക്കെ സംഘർഷം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച് നടത്തിയത്.
Summary: Clash in Secretariat March of Youth Congress workers.
Discussion about this post