രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ജാഗ്രതാനിർദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളടക്കം ഏർപ്പെടുത്താൻ നിർദേശമുണ്ട്.
പുതുക്കിയ കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ജില്ലാ തലത്തിൽ രോഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ – ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവിൽ കേരളത്തിലാണ്.
നിരീക്ഷണവും പരിശോധനയും ഊർജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്ളൂ എന്നിവയുടെ ജില്ലാതല കണക്കുകൾ കേന്ദ്രത്തിന് നൽകണം. മാസ്ക്, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രിമാർ, മന്ത്രാലയം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വർധനവും യോഗം ചർച്ച ചെയ്യും.
Discussion about this post