കോഴിക്കോട് നഗരത്തിലെ തിരക്കിലേക്ക് ഇറങ്ങി ഗവർണർ; കുട്ടികളുമൊത്ത് സെൽഫി

എസ്എഫ്ഐയോട് തുറന്ന പോര് പ്രഖ്യാപിച്ചെന്നോണം കോഴിക്കോട് നഗരത്തിലേയ്ക്ക് ഇറങ്ങി ഗവർണർ. ആരെയും ഭയമില്ലെന്നും തന്നെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും പറഞ്ഞ് പൊലീസ് സംരക്ഷണവും വേണ്ടെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോടേക്ക് തിരിച്ചത്. മാനാഞ്ചിറ, മിഠായിത്തെരുവ് തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ എത്തിയ ഗവർണർ
വിദ്യാർത്ഥികളുമായും പൊതുജനങ്ങളുമായും സംവദിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് കൂടാതെ കടകളിൽ കയറുകയും ചെയ്തു.

അതേസമയം ഗവർണർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് നന്നേ പാടുപെടുന്നുണ്ട്. പൊലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞ് കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാതെയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പുറപ്പെട്ടത്.

ഇന്ന് വൈകിട്ട് തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. എന്നാൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തുന്ന എഐഎസ്എഫ് ഗവർണറെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാമ്പസ്.

Exit mobile version