ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവർണർ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഗവർണർ ആർഎസ്എസ് നിർദേശം അനുസരിച്ചാണ് പെരുമാറുന്നത്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശം ഗവർണർ അനുസരിച്ചതോടെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിലെ രക്തസാക്ഷിത്വം എണ്ണിപറഞ്ഞുകൊണ്ടാണ് പിണറായി വിജയൻ ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവർണർ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു.കൂടുതൽ പറയുന്നില്ല.ഞാൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൽ പറഞ്ഞു.