ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിലും രാവിലെ മുതൽ മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ അർധരാത്രി മുതൽ തന്നെ അതിശക്തമായ മഴ പെയ്തു വരുന്നു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ഡിസംബർ 17,18 തീയതികളിൽ മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പലയിടത്തും പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതോടൊപ്പം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി പ്രവചനമുണ്ട്.
Summary: Cyclonic circulation near Sri Lankan coast; Rain continues in Kerala.
Discussion about this post