സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനാകെ നവീകരണം ആവശ്യമാണ്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും അങ്ങനെ ആരും മിശ്രവിവാഹ ബ്യുറോ നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്ന് സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആൺസുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധനത്തിനായി റുവൈസ് സമ്മർദം ചെലുത്തിയെന്ന് ഡോ. ഷഹ്നയുടെ സഹോദരൻ ജാസിം നാസ് ആരോപിച്ചു. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു.
റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷേ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരൻ ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞതായും സഹോദരൻ പറഞ്ഞു.
Summary: Women should be encouraged to reject proposals from dowry seekers.
Discussion about this post