കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാടുവരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.
പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതിന്റെ ഭാഗമായാണ് നടപടി. 11.8 കിലോമീറ്റർ ദൈർഘ്യമേറിയതാണ് രണ്ടാംഘട്ട പിങ്ക് ലൈൻ നിർമിതി. 11 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പദ്ധതി. പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കാക്കനാട് ജങ്ഷൻ, കിൻഫ്ര, ഇൻഫോപാർക്ക് (1, 2) എന്നിവിടങ്ങളിലുൾപ്പടെ സ്റ്റേഷനുകൾ ഉണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് 1975 കോടി രൂപയാണ്.
2025 നവംബർ മാസത്തോടെ കാക്കനാട് – ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടം നിർമാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റലാക്കും.