സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ ബഹുദൂരം പിന്നിലാക്കി ബിജെപി വൻ മുന്നേറ്റം സൃഷ്ടിക്കുമ്പോൾ അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിടുന്ന സാഹചര്യത്തിലാണ്. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനായി ഉള്ളത്. മധ്യപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്.
230 സീറ്റുകളുള്ള മധ്യപ്രദേശിൽ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കിൽ ബിജെപി ഇതിനോടകം 150 സീറ്റുകളിൽ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 69 സീറ്റുകളിലെ കോൺഗ്രസിന് ലീഡുള്ളൂ.
199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനിൽ ബിജെപി 100 സീറ്റിന് മുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 74 സീറ്റുകളിലും. ബിഎസ്പിയും ഭാരത് ആദിവാസി പാർട്ടിയും മൂന്നിടങ്ങളിൽ വീതവും സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ഛത്തീസ്ഗഢിൽ എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ബിജെപിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി കേവലഭൂരിപക്ഷം തികയ്ക്കാനായിട്ടില്ല. 46 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിക്ക് തൊട്ടുപിന്നിൽ 40 സീറ്റുമായി കോൺഗ്രസുമുണ്ട്.
തെലങ്കാനയിൽ എക്സിറ്റ്പോൾ പ്രവചനം പോലെ ഒരു അട്ടിമറി ഉറപ്പിച്ച നിലയിലാണ് ഫലസൂചനകൾ. 119 സീറ്റുകളുള്ള തെലങ്കാനയിൽ കോൺഗ്രസ് 58 സീറ്റുകളിൽ മുന്നേറുമ്പോൾ ബിആർഎസിന് 33 സീറ്റുകളിലേ ലീഡുള്ളൂ. ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സിപിഐയും.