മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും.പാർട്ടി ആസ്ഥാനങ്ങളിൽ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അതി ഗംഭീര വിജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാര കസേര ഉറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി ജയം കൊയ്തതതാണ് കോൺഗ്രസിന് ആശ്വാസമായത്.
ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡിലെ തോൽവി കോൺഗ്രസിന് നൽകിയത് വലിയ ക്ഷതമാണ്. തമ്മിലടിയും സംഘടനാ ദൗർബല്യങ്ങളും ഉലച്ച കോൺഗ്രസിന് മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതീക്ഷിച്ച സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാർഡും കോൺഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവർഗ മേഖലകൾ പാർട്ടിയെ കൈവിട്ടു. എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി. സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയായി.
Discussion about this post