ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്റൈൻ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിനെതിരെ ഫിഫയുടെ ശിക്ഷ നടപടി ഉണ്ടായേക്കും. മാറക്കാനയിൽ മത്സരം തുടങ്ങും മുൻപേ അർജന്റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിക്കുകയായിരുന്നു.
ബ്രസീലിയൻ പൊലീസും അർജൻറൈൻ ആരാധകരെ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് അർജൻറൈൻ ടീം കളിക്കളം വിട്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിൽ ബ്രസീലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യത. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കിൽ ഒരു പോയിൻറ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.
തുടർച്ചയായ മൂന്ന് മത്സരത്തിൽ തോറ്റ ബ്രസീൽ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്താണിപ്പോൾ. പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തിൽ ബ്രസീലിന് കനത്ത തിരിച്ചടിയാവും. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 6 കളികളിൽ 15 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളിൽ ഏഴ് പോയിന്റ് മാത്രമേ ആറാമത് നിൽക്കുന്ന ബ്രസീലിനുള്ളൂ. മാറക്കാന വേദിയായ ഐതിഹാസിക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയോട് ബ്രസീൽ പരാജയം സമ്മതിച്ചിരുന്നു