ലോകകപ്പ് ഫൈനലിലെ തോൽവിക്കുപകരം ചോദിക്കാൻ ഇറങ്ങിയ ഇന്ത്യൻ യുവനിരയ്‌ക്കെതിരെ ആദ്യ ട്വന്റി20യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 47 പന്തുകളിൽ സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർധ സെഞ്ചുറി നേടി. 52 റൺസെടുത്ത സ്മിത്ത് റൺ ഔട്ട് ആയി. മാത്യു ഷോർട്ട് 13, ജോഷ് ഇൻഗ്ലിസ് 110, മാർക്കസ് സ്റ്റോണിസ് ഏഴ്, ടിം ഡേവിഡ് 19 എന്നിങ്ങനെയാണ് സ്കോർ. 50 പന്ത് നേരിട്ടാണ് മാർക്കസ് സ്റ്റോണിസ് 110 റൺസ് നേടിയത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് നേടി.
47 പന്തിൽ സെഞ്ചുറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി 20-യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും സ്വന്തമാക്കി.