ഗാസയിൽ നാളെ മുതൽ താൽക്കാലിക വെടിനിർത്തൽ; ആദ്യ ബാച്ച് ബന്ദികളെ കൈമാറും

ഗാസയിൽ താൽക്കാലിക വെടിനിർത്തൽ നാളെ രാവിലെ ഏഴു മുതൽ നടപ്പാകുമെന്ന് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് നാല് ദിവസത്തെ വെടിനിർത്തലിന് ഇരുപക്ഷവും കരാറിലെത്തിയത്.

വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഖത്തറാണ് ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്നത്. സ്ത്രീകളും കുട്ടികളുമായി 13 പേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിന്റെ മധ്യസ്ഥത്തിൽ അഞ്ചാഴ്ചനീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഗാസയിൽ നാലുദിവസം വെടിനിർത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചത്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന 240 പേരിൽ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളിൽ ഹമാസ് മോചിപ്പിക്കും. പകരം 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടുകൊടുക്കും. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക.

Exit mobile version