കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക്കാണ് ലോകം സാക്ഷിയായത്. കോവിഡിന് (Covid) മുൻപും കോവിഡിന് ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതിനുശേഷം യാതൊരു പകർച്ചവ്യാധിയുടെ (Epidemic) പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ പുറത്തുവരുന്നത്.
രാജ്യത്തുടനീളം ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുത്തനെ ഉയരുന്നുണ്ടെന്നതു സംബന്ധിച്ച് ഈ മാസമാദ്യം ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ പ്രസ് കോൺഫറൻസ് വിളിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പുതിയ ശ്വാസകോശ രോഗവ്യാപനവും തമ്മിലുള്ള ബന്ധത്തേയും ചൈനയിലെ ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ ഇൻഫ്ലുവൻസയും മൈകോപ്ലാസ്മ ന്യുമോണിയ പോലുള്ള ബാക്ടീരിയൽ അണുബാധകളും കോവിഡിനു കാരണമാകുന്ന വൈറസുമായും പുതിയ രോഗവ്യാപനത്തിന് ബന്ധമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ കരുതുന്നത്.
സി.ഡി.സി.പി. (Centers for Disease Control and Prevention)-യുടെ കണക്കുകൾ പ്രകാരം ശ്വസനേന്ദ്രിയ സംവിധാനത്തെ ബാധിക്കുന്ന അണുബാധയാണ് മൈകോപ്ലാസ്മ ന്യുമോണിയ. ചില ഘട്ടങ്ങളിൽ ഈ ബാക്ടീരിയ ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യാം. ബീജിങ്ങിലേയും ലിയോണിങ്ങിലേയും ആശുപത്രികളിൽ ശ്വാസകോശരോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലും സ്കൂളുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രശസ്ത മാധ്യമവും രോഗങ്ങൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുന്നതുമായ പ്രൊമെഡ് എന്ന മാധ്യമത്തിലൂടെ ചൊവ്വാഴ്ച്ച ചൈനയിലെ പുതിയ സാഹചര്യത്തേക്കുറിച്ച് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. 2019-ൽ കോവിഡിന്റെ വരവിനേക്കുറിച്ചും പ്രൊമെഡ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗവ്യാപനം സംബന്ധിച്ച വ്യക്തമായ കണക്കു സമർപ്പിക്കാൻ ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗം കൂടുതൽ പടരുന്നത് തടയാൻ അവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
Discussion about this post