വിദേശ വിനിമയച്ചട്ട ലംഘനത്തിന് ബൈജൂസിന് 9000 കോടി പിഴയിട്ട് ഇഡി; നിഷേധിച്ച് കമ്പനി

ബൈജൂസ് കമ്പനിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. 9000 കോടി രൂപ അടയ്ക്കാൻ ആണ് ഇഡി നോട്ടീസിൽ പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിദേശ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതിനാണ് ഈ പിഴ. എന്നാൽ ഇഡിയിൽ നിന്ന് തങ്ങൾക്ക് അങ്ങനെ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിക്കുന്നു.

2020-21 സാമ്പത്തിക വർഷം മുതൽ ബൈജൂസ്‌ തങ്ങളുടെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2011-2023 കാലയളവിൽ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്. ബൈജൂസ് നൽകിയ കണക്കുകളുടെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണ ഏജൻസിക്ക് സംശയമുണ്ട്. അതിനാൽ ബാങ്കുകൾ ആ കണക്കുകൾ വീണ്ടും പരിശോധിക്കുകയാണെന്നും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇഡിയിൽ നിന്ന് അത്തരത്തിൽ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ്‌ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. വിദേശ വിനിമയച്ചട്ടം ലംഘിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായി നിഷേധിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

Summary: ED fines Byju’s 9000 crores for violation of foreign exchange rules.

Exit mobile version