മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളിക്കളത്തിൽ ഇറങ്ങും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഫൈനൽ പോരാട്ടം. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ലോകകപ്പിലെ തുടർച്ചയായ പത്ത് വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ആറാം കിരീടനേട്ടത്തിനായാണ് ഓസീസിന്റെ പോരാട്ടം.
ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിലാണെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്. സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു ഓസീസിന്റെ വരവ്. വിരാട് കോഹ്ലി നെടുംതൂണാകുന്ന ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും കെ എൽ രാഹുലുമെല്ലാം തകർപ്പൻ ഫോമിലാണ് എന്നുള്ളത് ഇന്ത്യയ്ക്ക് മേൽക്കോയ്മ നൽകുന്നു. ഇന്ത്യൻ പേസർമാരും കിടിലൻ ഫോമിലാണ്.
ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഓസീസ് പിന്നീടുള്ള മത്സരങ്ങളെല്ലാം തുടർച്ചയായി വിജയിച്ചിട്ടുമുണ്ട്. ഡേവിഡ് വാർണറും മിച്ചൽ മാർഷും ട്രാവിഡ് ഹെഡും ഗ്ലെൻ മാക്സ് വെല്ലും അണിനിരക്കുന്ന ഓസീസ് ബാറ്റിങ്ങ് നിര ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെയാണ്. ആഡം സ്വാംമ്പയും ജോസ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും ഇന്ത്യൻ നിരയ്ക്ക് പന്ത് കൊണ്ടും വെല്ലുവിളി ഒരുക്കുന്നുണ്ട്. ഏതായാലും കിരീടം ആതിഥേയർക്കൊപ്പം നിൽക്കുമോ അതോ ഓസ്‌ട്രേലിയൻ മണ്ണിലേക്ക് പോകുമോ എന്ന് ഇന്നറിയാം.
Summary: India – Australia World Cup Final today.