ചാറ്റ് ജി.പി.ടി. നിർമാണക്കമ്പനിയായ ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവയ്ക്കുകയും ചെയ്തു. ഓപ്പൺ എ.ഐ.യെ മുന്നോട്ടുനയിക്കാൻ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് സാമിന്റെ നേതൃത്വത്തിൽ ഓപ്പൺ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. തുടക്കത്തിൽ വൻ സ്വീകാര്യത ലഭിച്ച എഐ ചാറ്റ് ബോട്ട് പിന്നീട് തകർച്ചയിലേക്ക് വഴുതി വീണു. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻ ഇടിവാണ് ഉണ്ടായത്. ഇതോടെയാണ് സാം ആൾട്മാനെ പുറത്താക്കൽ നടപടികളിലേക്ക് കമ്പനി നീങ്ങിയത്.
ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം സ്ഥിരത പുലർത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസം നഷ്ടമായതും സിഇഒ സാം ആൾട്ട്മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പൺഎഐ ചൂണ്ടിക്കാണിക്കുന്നു. പിരിച്ചുവിടൽ നടപടിയെ തുടർന്ന് സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാനും രാജിവെച്ചു.