നവകേരള സദസ്സിന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും വേദിയിൽ സന്നിഹിതരായിരുന്നു. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയിൽ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്.
കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ്. സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016-ന് മുൻപ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, യു.ഡി.എഫ്. സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ചോദിച്ചു. നവകേരള സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഏറെക്കുറെ പൂർത്തിയായ ഭാഗത്ത് ഇറങ്ങിനിന്ന് അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് നല്ല കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് കേരളസദസിലേക്ക് വരുമ്പോൾ വൈകാൻ കാരണം-എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോൾ ആ വിശ്വാസത്തിൽ അല്ല. സമയബന്ധിതമായി പൂർത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്. 2016-ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ ഈ മാറ്റം ഉണ്ടാകുമായിരുന്നോ- മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ആരാഞ്ഞു.
ചീഫ് സെക്രട്ടറി ഡോ വി വേണു സ്വാഗതം പറഞ്ഞു. ഭരണനിർവ്വഹണത്തിൻ്റെ പുതിയ അധ്യായം എന്നായിരുന്ന വി വേണു നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യാത്രയെന്നും കെ രാജൻ വ്യക്തമാക്കി. നേരത്തെ എ കെ ശശീന്ദ്രൻ, സജി ചെറിയാൻ, അടക്കമുള്ള മന്ത്രിമാർ മണ്ഡലങ്ങളിൽ നേരിട്ട് പോയി പ്രശ്നങ്ങൾ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് നവകേരള യാത്രയെന്നും കെ രാജൻ വ്യക്തമാക്കി.